02:01pm 23 November 2026
NEWS
സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്; പവൻ പതുങ്ങിയത് കുതിക്കാൻ തന്നെ
23/11/2026  12:48 PM IST
nila
സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്; പവൻ പതുങ്ങിയത് കുതിക്കാൻ തന്നെ

ദിവസങ്ങളായി തുടർന്ന വിലയിടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 135 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,600 രൂപയായി. പവന് 1,080 രൂപയുടെ വർധന രേഖപ്പെടുത്തി 92,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ലക്ഷത്തിന് മുകളിൽ എത്തിയ സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ വർധന.

രാജ്യാന്തര വിപണിയിലും സ്വർണം തിരിച്ചുകയറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞയാഴ്ച ഏകദേശം ഒൻപത് ശതമാനം ഇടിഞ്ഞ് 14 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയ സ്വർണവില തിങ്കളാഴ്ച 2.6 ശതമാനം വരെ ഉയർന്നു. ഔൺസിന് 3,630 ഡോളർ വരെ എത്തിയ വില പിന്നീട് സിംഗപ്പൂർ വിപണിയിൽ സ്പോട്ട് ഗോൾഡ് 3,587.13 ഡോളറിലെത്തി. കഴിഞ്ഞ എട്ടുമാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നഷ്ടത്തിന് ശേഷമുള്ള മുന്നേറ്റമാണിത്.

ഓഹരി വിപണിയിലെ തകർച്ച സ്വർണത്തിന് കരുത്തായി

ആഗോള ഓഹരി വിപണികളിൽ ടെക് ഓഹരികൾ നേരിട്ട കനത്ത തിരിച്ചടിയാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായത്. ഓഹരി വിപണിയിലെ അനിശ്ചിതത്വം വർധിച്ചതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയുകയായിരുന്നു. ഇതിന്റെ പ്രതിഫലനം സ്വർണവിപണിയിലും പ്രകടമായി.

വെള്ളിയാഴ്ച യുഎസ് ഓഹരി വിപണിയിലെ പ്രധാന സൂചികകളെല്ലാം വലിയ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 5.28 ശതമാനവും എസ് ആൻഡ് പി 500 സൂചിക 3.70 ശതമാനവും ഇടിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ കമ്പനികൾ നടത്തുന്ന വൻ നിക്ഷേപങ്ങളും അതിനായി വർധിച്ചുവരുന്ന കടബാധ്യതകളും വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

എഐ കമ്പനികളുടെ ഉയർന്ന മൂല്യനിർണയവും ഭാവിയിലെ ലാഭസാധ്യതകളും സംബന്ധിച്ച സംശയങ്ങൾ ശക്തമായതോടെ ടെക് ഓഹരികളിൽ വിൽപന സമ്മർദം വർധിച്ചു. വരും ദിവസങ്ങളിലും ഈ ആശങ്കകൾ ഓഹരി വിപണിയെ ബാധിക്കുകയാണെങ്കിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് കൂടുതൽ ആവശ്യകത ഉയരാൻ സാധ്യതയുണ്ട്. ഇത് സ്വർണവിലയുടെ മുന്നേറ്റത്തിന് കൂടുതൽ പിന്തുണ നൽകുമെന്നാണ് വിപണി വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img